ഖാര്‍തൂം : സുഡാനില്‍ സൈനിക അട്ടിമറി. പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക്ക് അടക്കം ഭരണതലപ്പത്തുള്ള നിരവധി പേരെ അറസ്റ്റ് ചെയ്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം സൈന്യം വിച്ഛേദിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിട്ടുണ്ട്. പട്ടാള അട്ടിമറിക്കെതിരെ വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. തലസ്ഥാനനഗരമായ ഖാര്തൂമിലുള്പ്പടെ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്പാണ് ആദ്യമായി ജനകീയ പ്രക്ഷോഭം സുഡാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് അന്ന് പ്രസിഡന്റായിരുന്ന ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി പട്ടാളം ഭരണം പിടിച്ചു. എന്നാല്‍ പട്ടാള ഭരണത്തിനെതിരെയും ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളുടെ മധ്യസ്ഥതയോടെ സൈന്യവും സമരസംഘടനകളും ഒത്തുതീര്‍പ്പിലെത്തുകയും മൂന്ന് വര്‍ഷം സൈന്യത്തിന്റെയും സമരസംഘടനകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ഭരണം നടത്താമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു. ഇതിന് ശേഷം പൊതുതിരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു ധാരണ.
എന്നാല്‍ ധാരണകളെയെല്ലാം കാറ്റില്‍ പറത്തി ഭരണം കയ്യിലൊതുക്കാനാണ് പട്ടാളം ശ്രമിക്കുന്നത്. തങ്ങളുടെ നടപടികള്‍ക്കെതിരെ നില്‍ക്കുന്നവരെയെല്ലാം ക്രൂരമായാണ് സൈന്യം നേരിടുന്നത്. സൈനിക നടപടിയില്‍ ഇവരില്‍ നിരവധി പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post