ബാഗ്ദാദ് : ഇറാഖില്‍ 2700 വര്‍ഷത്തോളം പഴക്കമുള്ള വൈന്‍ നിര്‍മാണശാല കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. അസീറിയന്‍ രാജാക്കന്മാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വൈന്‍ ഉത്പാദിപ്പിക്കാനായി നിര്‍മിച്ച വലിയ വൈന്‍ ഫാക്ടറിയുടെ അവശേഷിപ്പുകളാണ് ഇറാഖിലെ ദോഹുകിന് സമീപമുള്ള പ്രദേശത്തു നിന്ന് കണ്ടെത്തിയത്.
വൈന്‍ നിര്‍മാണത്തിനായി മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേര്‍തിരിക്കാനും ഉപയോഗിച്ച പ്ലസ്റ്ററുകള്‍ ഉള്‍പ്പടെയുള്ള 14 വസ്തുക്കളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇറാഖില്‍ കണ്ടെത്തുന്ന ആദ്യ വൈന്‍ ഫാക്ടറിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് കൂടാതെ ചരിത്രാതീതകാലത്തേതെന്ന് കരുതുന്ന നിരവധി ശില്പങ്ങളും പ്രതിമകളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ദൈവങ്ങളോട് പ്രാര്‍ഥിക്കുന്ന രാജാക്കന്മാരുടെ രൂപങ്ങളാണ് ശില്പങ്ങളില്‍ കാണുന്നത്.
വടക്കന്‍ ഇറാഖിലെ ഫയ്ഡയില്‍ ഒമ്പത് കിലോമീറ്ററോളം ദൂരമുള്ള ഒരു ജലസേചന കനാലിന്റെ മതിലുകളിലായിരുന്നു ശില്പങ്ങള്‍ ഉണ്ടായിരുന്നതെന്ന് ദോഹുക് പുരാവസ്തു വകുപ്പിലെ ഗവേഷകര്‍ അറിയിച്ചു.12 പാനലുകളിലായുള്ള ശിലാശില്പങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇവയ്ക്ക് അഞ്ച് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്.അസീരിയന്‍ കാലത്തെ ദൈവങ്ങള്‍, രാജാക്കന്മാര്‍, മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് ശില്‍പങ്ങളുടെ ഉള്ളടക്കം. സര്‍ഗോണ്‍ രണ്ടാമന്‍ രാജാവിന്റെയും അദ്ദേഹത്തിന്റെ മകന്‍ സൊന്‍ഹേരിബിന്റെയും ഭരണകാലത്തുള്ളവയാണിവയെന്നാണ് ഗവേഷകരുടെ നിഗമനം.
കുര്‍ദിസ്ഥാനില്‍ ഉള്‍പ്പടെ ഇറാഖില്‍ നിരവധി ഇടങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ വളരെ വലിയ സ്മാരകമാണിതെന്ന് ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകന്‍ ഡാനിയേല്‍ മൊറാണ്ടി ബൊനാകോസി പറഞ്ഞു. അസീറിയന്‍ രാജാക്കന്മാരുടെ കാലത്ത് കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി നിര്‍മിച്ചതാണ് ശില്‍പം കണ്ടെത്തിയ കനാല്‍.
ഇവിടെ നിന്ന് ലഭിച്ച ശില്‍പങ്ങളില്‍ മതപരമായ കാര്യങ്ങള്‍ മാത്രമല്ല, രാജാവിന്റെ രാഷ്ട്രീയ നിലപാടുകളും ദൃശ്യമാകും. വെള്ളം ലഭിക്കാനായി ഇത്ര വലിയ കരാറിന് ഉത്തരവിട്ട തന്നെ ജനങ്ങള്‍ എക്കാലവും ഓര്‍മിക്കാനായി രാജാവിന്റെ നിര്‍ദേശത്തോടെയാണ് ശില്പങ്ങള്‍ നിര്‍മിച്ചതെന്നും മൊറാണ്ടി ബൊനാകോസി പറഞ്ഞു.