കാബൂള്‍ : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം. കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തോക്കിന്റെ പുറംഭാഗം കൊണ്ടടിച്ചോടിച്ചു.
വ്യാഴാഴ്ച രാവിലെ കാബൂളിലെ വിദ്യാഭ്യാസമന്ത്രാലയത്തിന് സമീപം സംഘടിപ്പിച്ച പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്. സ്ത്രീകളെ പ്രതിഷേധിക്കാന്‍ അനുവദിച്ച താലിബാന്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനനുവദിച്ചില്ല. വിദേശമാധ്യമപ്രവര്‍ത്തകനാണ് തോക്കിന്റെ പുറം ഭാഗം കൊണ്ടടിയേറ്റത്. മറ്റ് രണ്ട് പേര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു.
സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതിനും വിദ്യാഭ്യാസമേഖല രാഷ്ട്രീയവത്കരിക്കുന്നതിനുമെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തൊഴിലില്ലായ്മയും പട്ടിണിയും രാജ്യത്ത് വര്‍ധിക്കുന്നതായും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
താലിബാനോടുള്ള ഭയം അവസാനിപ്പിക്കണമെന്നും അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ സഹ്‌റ മുഹമ്മദി പറഞ്ഞു. യുഎസ് നിര്‍മിത എം-16, എകെ 47 തോക്കുകളേന്തി കനത്ത മുന്‍കരുതലിലാണ് താലിബാന്‍സംഘം പ്രതിഷേധത്തെ നേരിട്ടത്.