ന്യൂയോര്‍ക്ക്: മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ചു.
ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്തിന്റേതാണ് പുതിയ ചുവടുവയ്പ്പ്.
വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയില്‍ ആണ് വൃക്ക മാറ്റിവെക്കല്‍ പരീക്ഷിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവര്‍ത്തനരഹിതമെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുന്‍പായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം പരിപൂര്‍ണ്ണ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ വൃക്ക സ്വീകര്‍ത്താവിന്റെ രക്തക്കുഴലുകളിലേക്ക് ഘടിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം ഇത്തരത്തില്‍ നിരീക്ഷണം നടത്തിയതില്‍ നിന്നും മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തന ഫലങ്ങള്‍ ‘വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
വൃക്ക മാറ്റിവെക്കും മുന്‍പ് സ്വീകര്‍ത്താവിന്റെ ക്രിയേറ്റിനിന്‍ നില അസാധാരണമായിരുന്നു. ഇത് വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിന്റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ക്രിയേറ്റിനിന്‍ നില സാധാരണ നിലയിലാവുകയായിരുന്നു എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. റോബര്‍ട്ട് മോണ്ട്‌ഗോമറി ചൂണ്ടിക്കാട്ടി.
Discussion about this post