വാഷിംഗ്ടണ്‍ : അന്തരിച്ച മുന്‍ യുഎസ് സെക്രട്ടറി കോളിന് പവലിനെ അദ്ദേഹത്തിന്റെ മരണശേഷവും കുറ്റപ്പെടുത്തി ട്രംപ്. ഇറാഖ് യുദ്ധത്തിന് കാരണക്കാരന്‍ കോളിന് പവലാണെന്നും തീരെ വിശ്വസ്തതയില്ലാത്ത പേരില്‍ മാത്രം റിപ്പബ്ലിക്കനായിരുന്ന ഒരാളാണ് പവലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
“ഇറാഖിന്റെ കാര്യത്തില്‍ വലിയ തെറ്റാണ് പവല്‍ ചെയ്തത്. മരണശേഷം മാധ്യമങ്ങള്‍ അദ്ദേഹത്തെ മനോഹരമായി അവതരിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. ഭാവിയില്‍ എന്നെയും ഇത്തരത്തില്‍ പുകഴ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരില്‍ മാത്രം റിപ്പബ്ലിക്കന്‍ ആയിരുന്ന ഇദ്ദേഹത്തിന് എന്തായാലും ശാന്തി ലഭിക്കട്ടെ.” ട്രംപ് പറഞ്ഞു.
തിങ്കളാഴ്ചയാണ് കോവിഡിനെത്തുടര്‍ന്ന് കോളിന് പവല്‍ (84) അന്തരിച്ചത്. ട്രംപിന്റെ സ്ഥിരം വിമര്‍ശകനായിരുന്ന ഇദ്ദേഹം ക്യാപിറ്റോള്‍ കലാപത്തിനെത്തുടര്ന്ന് ട്രംപ് രാജി വയ്ക്കണമെന്ന് നിരന്തരം സമ്മര്‍ദം ചെലുത്തിയവരില്‍ ഒരാളാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജനും സംയുക്ത സൈനിക മേധാവിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു ഇദ്ദേഹം.
ശീതകാലയുദ്ധം മുതല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷമുള്ള ഭീകരവിരുദ്ധ യുദ്ധം വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ യുഎസ് പ്രസിഡന്റുമാര്‍ക്ക് കീഴില്‍ വിവിധ പദവികളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post