റോം : ഇറ്റലിയുടെ പ്രൗഢിയുടെയും സമ്പന്നതയുടെയും പ്രതീകമായിരുന്ന ദേശീയ എയര്‍ലൈന്‍ അലിറ്റാലിയ സേവനം അവസാനിപ്പിച്ചു. നടത്തിപ്പിലെ പോരായ്മകള്‍ മൂലം കടം പെരുകി പാപ്പരായാണ് കമ്പനി ചിറകൊതുക്കിയത്.റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ 14ന് രാത്രി 11.10ന് കാഗ്ലിയാരിയില്‍ നിന്നുള്ള എസെഡ് 1586 വിമാനം ലാന്‍ഡ് ചെയ്തതോടെ 75 വര്‍ഷത്തെ സേവനത്തിന് അവസാനമായി.
മാര്‍പ്പാപ്പമാരുടെ വിദേശ പര്യടനങ്ങളിലൂടെയാണ് അലിറ്റാലിയ ആഗോള പ്രശസ്തി നേടുന്നത്. 1946ല്‍ സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ട എയര്‍ലൈന്‍ ഇറ്റലിക്കാരുടെ ദേശീയ അഭിമാനവുമായിരുന്നു. പേപ്പല്‍ ഫ്‌ളൈറ്റ് എന്ന ഖ്യാതിയോടെ വ്യോമയാന രംഗത്ത് 75 വര്‍ഷം തികയ്ക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‌ക്കേയാണ് എയര്‍ലൈന്‍ അരങ്ങൊഴിയുന്നത്.
ഐടിഎ (ഇറ്റാലിയ ട്രാന്‍സ്‌പോര്‍ട്ടോ എയ്‌റോ-ഇറ്റ)എന്ന ചെറുവിമാനക്കമ്പനിയാണ് അലിറ്റാലിയയെ ഏറ്റെടുത്തിരിക്കുന്നത്.ഇത് ഇന്നലെ മുതല്‍ സേവനം തുടങ്ങി.എന്നാല്‍ 2800 ജീവനക്കാര്‍ മാത്രമാണ് ഇറ്റയയ്ക്കുള്ളത്. ഇതേ സ്ഥാനത്ത് അലിറ്റാലിയയ്ക്ക് പതിനായിരത്തിലധികം ജീവനക്കാരാണുണ്ടായിരുന്നത്. ഇറ്റ സര്‍വീസ് തുടങ്ങിയതോടെ ഇന്നലെ ഇറ്റലിയില്‍ ഫിയുമിസിനോ അടക്കമുള്ള വിമാനത്താവളങ്ങളില്‍ അലിറ്റാലിയയുടെ മുന്‍ ജീവനക്കാര്‍ സമരം നടത്തി. ഇറ്റയിലാവും ഇനി മുതല്‍ മാര്‍പ്പാപ്പയുടെ വിദേശയാത്രകള്‍.