“സ്‌പേസ് ടൂറിസത്തിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന്‌ ” : വില്യം രാജകുമാരന്‍

ലണ്ടന്‍ : ശതകോടീശ്വരന്മാരും ശാസ്ത്രജ്ഞരും സ്‌പേസ് ടൂറിസത്തിനേക്കാള്‍ ഭൂമിയുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന് വില്യം രാജകുമാരന്‍.ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശതകോടീശ്വര വ്യവസായികളും മറ്റും ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുകയാണ് ആവശ്യമെന്ന് വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ബിബിസി ന്യൂസ് പോഡ്കാസ്റ്റില്‍ വില്യം അഭിപ്രായപ്പെട്ടു.

“ഈ ഗ്രഹത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസ്സുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ അടുത്ത സ്ഥലം തേടുന്നവരെയല്ല. എന്റെ കുഞ്ഞുങ്ങളും ഭാവി തലമുറകളും ഈ ഭൂമിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് ഉറപ്പുവരുത്തുകയാണ് ആഗ്രഹം. എന്റെ മകന്‍ ജോര്‍ജ് അവന്റെ 30ാം വയസ്സില്‍ ഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയേണ്ടി വന്നാല്‍ അത് സമ്പൂര്‍ണ ദുരന്തമായിരിക്കും. “വില്യം പറഞ്ഞു.

ഹോളിവുഡ് നടന്‍ വില്യം ഷാര്‍ട്ട്‌നര്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു വില്യം രാജകുമാരന്റെ വിമര്‍ശനം. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്പര്യമില്ലെന്നറിയിച്ച അദ്ദേഹം ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ആശങ്ക പ്രകടിപ്പിച്ചു.

Exit mobile version