കോങ്‌സ്‌ബെര്‍ഗ് : നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഡാനിഷ് പൗരനായ മുപ്പത്തിയേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് വിവരം.
കോങ്‌സ്‌ബെര്‍ഗ് നഗരത്തില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കയ്യില്‍ കരുതിയിരുന്ന അമ്പും വില്ലും ഉപയോഗിച്ച് പ്രതി ആള്‍ക്കൂട്ടത്തിന് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാള്‍ പോലീസുകാരനാണ്. പ്രതി ആക്രമണമാരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റില്‍ ഇദ്ദേഹം മഫ്തിയില്‍ ഷോപ്പിംഗിനെത്തിയ സമയമാണ് പരിക്കേറ്റത്. അമ്പും വില്ലും ഉപയോഗിച്ച് കണ്ണില്‍ കണ്ട എല്ലാവര്‍ക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. സാധാരണഗതിയില്‍ ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാല്‍ നോര്‍വേയില്‍ പോലീസ് ആയുധങ്ങള്‍ കയ്യില്‍ കരുതാറില്ല. എന്നാല്‍ സംഭവത്തിന് ശേഷം എല്ലാ പോലീസുകാരും ആയുധം കയ്യില്‍ കരുതണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.