രണ്ട് വര്‍ഷമായി തുടരുന്ന ദുരിത ജീവിതം അവസാനിച്ചു; മാനിന്റെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ ഊരിമാറ്റി

ലോകം മുഴുവന്‍ വേദനിച്ച ആ ദയനീയ കാഴ്ചയ്ക്ക് അവസാനം. രണ്ട് വര്‍ഷത്തോളമായി കഴുത്തില്‍ കുരുങ്ങിയ ടയറുമായി ദുരിത ജീവിതം നയിക്കുന്ന മാനിനെ രക്ഷപ്പെടുത്തി വന്യജീവി ഉദ്യോഗസ്ഥര്‍.

യുഎസ് സംസ്ഥാനമായ കൊളറാഡോയിലെ കുന്നുകളിലുള്ള എല്‍ക്കിന്റെ കഴുത്തിലാണ് ടയര്‍ കുരുങ്ങിയിരുന്നത്. രണ്ട് വര്‍ഷത്തോളമായി ഈ ടയറും വച്ചായിരുന്നു എല്‍ക്കിന്റെ ജീവിതം.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലൂടെ ലോകം മുഴുവന്‍ ആ വേദന കണ്ട് മനംനൊന്തിരുന്നു. മാന്‍ വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയാണ് എല്‍ക്ക്.

കൊളറാഡോയിലെ വന്യജീവി ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം കുറഞ്ഞത് രണ്ട് വര്‍ഷമായട്ടുണ്ടാകും ഈ ടയര്‍ കഴുത്തില്‍ കുടുങ്ങിയിട്ട്. പിടികൊടുക്കാതെ നടന്ന ഈ എല്‍ക്കിപ്പോള്‍ ദുരിതത്തില്‍ നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു.

നാലര വയസ്സ് പ്രായവും 270 കിലോഗ്രാം ഭാരവുമുള്ള ഈ എല്‍ക്കിനെ തെക്ക് പടിഞ്ഞാറ് ഡെന്‍വറിലെ പൈന്‍ ജംഗ്ഷന് സമീപമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ച നടന്ന നീണ്ട ശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്ക് ഈ മാനിനെ പിടികൂടാന്‍ സാധിച്ചത്. മുമ്പ് നടത്തിയ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും നാലാമത്തെ ശ്രമത്തില്‍ പിടികൂടി രക്ഷപ്പെടുത്തുകയായിരുന്നു.

ടയര്‍ മുറിക്കുക എന്നത് എല്‍ക്കിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒന്നായിരുന്നു. അതോടെ മുന്നില്‍ ഒരു വഴിയേ ഉള്ളു. ടയര്‍ ഊരി എടുക്കുക. ടയര്‍ ഊരി എടുക്കാന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും കയര്‍ കെട്ടിയാണ് ഉദ്യോഗസ്ഥര്‍ ഊരി എടുത്തത്. മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ച് മാറ്റേണ്ടി വന്നു. പൈന്‍ മുള്ളുകളും അഴുക്കും നിറഞ്ഞ് ടയറിനും വളരെയധികം ഭാരമുണ്ടായിരുന്നു. എങ്കിലും ചെറിയൊരു മുറിവ് ഒഴികെ വേറെ ബുദ്ധിമുട്ടുകളൊന്നും മാനിനില്ല എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്‌കോട്ട് മര്‍ഡോക്ക്, ഡോവ്‌സണ്‍ സ്വാന്‍സണ്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് ഈ ദുരിതത്തില്‍ നിന്ന് മാനിനെ രക്ഷപ്പെടുത്തിയത്. 2019 ലാണ് ആദ്യമായി ഇങ്ങനെയൊരു മാന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പലതവണ മാനിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മാന്‍ ഓടി രക്ഷപെടുകയായിരുന്നു.

Exit mobile version