ദോഹ : അഫ്ഗാനിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും നടത്തരുതെന്ന് യുഎസിനോടാവശ്യപ്പെട്ട് താലിബാന്. ദോഹയില്‍ ഇന്നു നാളെയുമായി നടക്കുന്ന യുഎസ്-താലിബാന് പ്രതിനിധികളുടെ കൂടിക്കാഴ്ചയിലാണ് താലിബാന് ആവശ്യം ഉന്നയിച്ചത്.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ആര്‍ക്കും നല്ലതാകില്ലെന്ന് വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി ആമിര്ഖാന് മുത്താഖി അഫ്ഗാന് വാര്‍ത്താ ഏജന്‍സിയായ ബക്തറിനോട് പറഞ്ഞു.”അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതാണ് എല്ലാവര്ക്കും നല്ലത്. ഇപ്പോഴുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് എല്ലാവര്ക്കും ദോഷം വരുത്തി വയ്ക്കുകയേയുള്ളൂ.” മുത്താഖി അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ സാമ്പത്തിക ബാധ്യത നേരിടുന്ന അഫ്ഗാനെ അന്താരാഷ്ട്ര തലത്തില്‍ സഹായിക്കുന്നതിനുള്ള നീക്കങ്ങളും നടത്തണമെന്ന് കൂടിക്കാഴ്ചയില്‍ അഫ്ഗാന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുന്ന ഐഎസ് ആക്രമണങ്ങളെ നേരിടാന്‍ യുഎസിന്റെ സഹകരണം ആവശ്യമില്ല എന്ന് താലിബാന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകളില്‍ മേല്‍ യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.
Discussion about this post