കാബൂള്‍ : കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ അഫ്ഗാനില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കവരെക്കൊണ്ട് രാജ്യത്തിനൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് അഫ്ഗാനിലുണ്ടായിരുന്ന ഇരുപത് വര്‍ഷക്കാലത്ത് വിദ്യാഭ്യാസം നേടിയവരെയാണ് ഹഖാനി വിമര്‍ശിച്ചത്. ഇവരെ അഫ്ഗാന്റെ ഭാവിയ്ക്കായി ഉപയോഗപ്പെടുത്താനാവില്ലെന്നും ഇവരുടെ പഠനം പ്രാധാന്യമുള്ളതായി കൂട്ടാനാവില്ലെന്നും മന്ത്രി പറഞ്ഞു.
“മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആധുനിക രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന അധ്യാപകരെ സര്‍വകലാശാലകളില്‍ നിയമിക്കണം.” ഹഖാനി നിര്‍ദേശിച്ചു.
അഫ്ഗാന്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയിരുന്ന കാലഘട്ടമായാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് വിലയിരുത്തപ്പെടുന്നത്. താലിബാന്‍ വീണ്ടും അധികാരം പിടിച്ചതോടെ വിദ്യാഭ്യാസരംഗം വീണ്ടും പഴയ പടിയായി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തന്നെ അഫ്ഗാനില്‍ വിലക്കി.
പിന്നീട് സ്വകാര്യ യൂണിവേഴ്‌സിറ്റികളിലടക്കം പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കിയെങ്കിലും കുട്ടികള്‍ ഹിജാബ് ധരിച്ചിരിക്കണമെന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്ന ക്ലാസ്സുകളില്‍ ഇരിപ്പിടങ്ങള്‍ തന്നില്‍ മറച്ചിരിക്കണമെന്നുമൊക്കെയുള്ള കര്‍ശന നിബന്ധനകളും താലിബാന്‍ പ്രഖ്യാപിച്ചു. കര്‍ട്ടന്‍ കൊണ്ട് മറച്ച ക്ലാസ്സ്‌റൂമുകളില്‍ കുട്ടികളിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.