മാഡ്രിഡ് : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് റെക്കോര്‍ഡിലിടം നേടി സ്‌പെയിനില്‍ നിന്നുള്ള സാന്റൂറിനോ ഡി ഡാ ഫ്യുന്റെ ഗാര്‍സിയ. 112 വയസ്സും 211 ദിവസവുമാണ് ഇദ്ദേഹത്തിന്റെ പ്രായം.
ICYMI: We verified the world's oldest living man at the age of 112.
— #GWR2022 OUT NOW (@GWR) September 30, 2021
ഗിന്നസ് റെക്കോര്‍ഡ് പ്രകാരം 1019 ഫെബ്രുവരി 11നാണ് സാന്റൂറിനോയുടെ ജനനമെങ്കിലും ഇദ്ദേഹം ഫെബ്രുവരി 8നാണ് എല്ലാ വര്‍ഷവും ജന്മദിനം ആഘോഷിക്കുന്നത്. ഏഴ് പെണ്‍മക്കളാണ് സാന്റൂറിനോയ്ക്കും ഭാര്യ അന്റോണിനയ്ക്കുമുള്ളത്. ഒരു മകനുണ്ടായിരുന്നത് ചെറുപ്പത്തില്‍ മരിച്ചു. മകളുടെയും മരുമകന്റെയുമൊപ്പമാണ് സാന്റൂറിനോയുടെ താമസം. 14 പേരക്കുട്ടികളും അവരുടെ ഇരുപത്തിരണ്ട് കുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇദ്ദേഹത്തിന്റെ 112ാം പിറന്നാള്‍ ഇവരെല്ലാം ചേര്‍ന്ന് ഗംഭീരമായാണ് ആഘോഷിച്ചത്.
തികഞ്ഞ ഒരു ഫുട്‌ബോള്‍ പ്രേമിയാണ് സാന്റൂറിനോ. വര്‍ഷങ്ങളോളം ഗെയിം കളിക്കുകയും ഒരു പ്രാദേശിക ടീമായ പ്യൂന്റെ കാസ്‌ട്രോ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബിലെ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയില്‍ പ്യുന്റെ കാസ്‌ട്രോ ഇദ്ദേഹത്തെ ആദരിച്ചു.
1936ലെ സ്പാനിഷ് സിവില്‍ യുദ്ധം നടക്കുന്ന സമയത്ത് സ്വസ്ഥജീവിതം നയിക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം ചിലരില്‍ ഒരാളാണ് സാന്റൂറിനോ. 4.92 അടിയാണ് ഇദ്ദേഹത്തിന്റെ പൊക്കം. അതുകൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നില്ല എന്നതാണ് ആ അപൂര്‍വ ഭാഗ്യത്തിന് പിന്നില്‍. എന്നത്തേയും പോലെ അന്നും അദ്ദേഹം തന്റെ ജോലിയായ ഷൂ നിര്‍മാണം തുടര്‍ന്നു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് സാന്റൂറിനോ എങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാന്‍കാരിയായ കെയ്ന്‍ ടനാകയാണ്. 118 വയസ്സാണ് ഇവര്‍ക്ക്.2019 മാര്‍ച്ചില്‍ 116 വയസ്സുള്ളപ്പോഴാണ് ഇവര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. 122ാം വയസ്സില്‍ മരിച്ച ജെന്നീ ലൂയിസ് (ഫ്രാന്‍സ്) ആണ് ഭൂമിയില്‍ ഇതുവരെ ജീവിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും പ്രായം കൂടിയ വ്യക്തി.