ന്യൂയോർക്ക്: ട്വിറ്റർ റദ്ദാക്കിയ തന്റെ അക്കൗണ്ട് താത്കാലികമായി തിരിച്ചുകിട്ടാൻ അപേക്ഷയുമായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോടതിയിൽ. താൽക്കാലികമായെങ്കിലും അക്കൗണ്ട് പുനഃസ്ഥാപിക്കാൻ കമ്പനിക്കുമേൽ സമ്മർദം ചെലുത്താനാവശ്യപ്പെട്ടാണ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ജനുവരിയിൽ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ട്രംപ് അനുകൂലികൾ ആക്രമിക്കുകയും അതിനു ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിന് ട്വിറ്റർ സ്ഥിരം വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ച മയാമിയിലെ ജില്ലാ കോടതിയിലാണ് ട്രംപ് ഹർജി നൽകിയത്.
ജോ ബൈഡന്റെ തെരഞ്ഞെടുപ്പുവിജയം അംഗീകരിക്കാൻ തയ്യാറാവാതിരുന്ന ട്രംപിന്റെ ആഹ്വാനപ്രകാരമാണ് കലാപകാരികൾ കാപ്പിറ്റോളിലെത്തിയതെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കും ഗൂഗിളും യൂട്യൂബും ട്രംപിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
എന്നാൽ, കോൺഗ്രസ് അംഗങ്ങളുടെ ഭീഷണിക്കുവഴങ്ങിയാണ് ട്വിറ്ററിന്റെ നടപടിയെന്നും കമ്പനിക്കും സിഇഒ ജാക്ക് ഡോഴ്‌സിക്കുമെതിരേ നടപടിയെടുക്കണമെന്നും ട്രംപ് ഹർജിയിൽ ആവശ്യപ്പെടുന്നു.