ന്യൂഡല്‍ഹി : ലോകത്തെയാകെ കോവിഡ് മരണം 50ലക്ഷം കവിഞ്ഞു. വാക്‌സീനെടുക്കാത്ത ഡെല്‍റ്റ വേരിയന്റ് ബാധിതരാണ് മരിച്ചവരിലേറെയും. യുഎസ്, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ കൂടുതല്‍.
ആദ്യ 25 ലക്ഷം മരണത്തിന് ഒരു വര്‍ഷമെടുത്തപ്പോള്‍ അടുത്ത 25 ലക്ഷം 236 ദിവസങ്ങള്‍ കൊണ്ടാണ് നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ദിവസവും ശരാശരി 8000 പേര്‍ കോവിഡ് മൂലം മരണപ്പെടാറുണ്ടെന്നാണ് കണക്ക്. യുഎസിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്- 7,18,984. ബ്രസീലില്‍ 5.9 ലക്ഷം പേരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 4,48,573 പേരുമാണ് ഇതുവരെ മരിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 24,354 പുതിയ കേസുകളും 234 മരണവും റിപ്പോര്‍ട്ട് ചെയ്തു.
വികസിത രാജ്യങ്ങള്‍ പലതും ബൂസ്റ്റര്‍ ഡോസിന് തയാറെടുക്കുമ്പോള്‍ ലോകത്തെ ആകെ ജനസംഖ്യയില്‍ പകുതിയില്‍ കൂടുതല്‍ ആളുകള്‍ക്കും ഇനിയും ആദ്യ ഡോസ് വാക്‌സീന്‍ പോലും കിട്ടിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.