“ഇത് നിങ്ങളുടെ രാജ്യം” : പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനികളെ തടഞ്ഞ് താലിബാന്‍

കാബൂള്‍ : രാജ്യത്തെ പുതിയ ഭരണകൂടത്തെ ഭയന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ പൗരന്മാരെ അതിര്‍ത്തിയില്‍ തടഞ്ഞ് താലിബാന്‍. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയും പാക്കിസ്ഥാനില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വ്യാപാര നഗരവുമായ സ്പിന്‍ ബോള്‍ഡാക്കില്‍ വച്ചാണ് ജനങ്ങളെ തടഞ്ഞത്.

ഇത് നിങ്ങളുടെ രാജ്യമാണ്, ഇവിടെ നിന്ന് നിങ്ങള്‍ക്ക് പോകാന്‍ കഴിയില്ല എന്നാണ് താലിബാന്‍ പറയുന്നതെന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച റഹ്‌മാദിന്‍ വാര്‍ദക് പറഞ്ഞു. അഫ്ഗാനില്‍ നിന്നുകൊണ്ട് രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാനാണ് താലിബാന്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അഫ്ഗാനിസ്ഥാനില്‍ ബാര്‍ബര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. ദാരിദ്ര്യം പിടിമുറുക്കിയതോടെ ജോലി അന്വേഷിച്ചാണ് കൂടുതല്‍ പേരും അതിര്‍ത്തി കടക്കുന്നത്.

അതേസമയം മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തുന്ന ആളുകളെ പാക്കിസ്ഥാന്‍ തടയുന്നുണ്ട്. എല്ലാ ദിവസവും 8000 മുതല്‍ 9000 വരെ ആളുകള്‍ മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ തിരിച്ചയയ്ക്കുകയാണെന്നും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന മുല്ല മൗലവി ഹക്യാര്‍ പറഞ്ഞു.

Exit mobile version