ടോക്കിയോ : ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) പുതിയ നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിഡോയെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജനപ്രിയ വാക്‌സീന്‍ മന്ത്രി ടാരോ കൊനോയെ പിന്തള്ളിയാണ് രണ്ട് റൗണ്ട് വേണ്ടിവന്ന വോട്ടെടുപ്പില്‍ കിഷിഡ ഒന്നാമതെത്തിയത്. ഹിരോഷിമയിലെ രാഷ്ട്രീയകുടുംബത്തില്‍ നിന്നാണ് കിഷിഡയുടെ വരവ്. എട്ട് വര്‍ഷം ഭരിച്ച ആബെ ഷിന്‍സൊ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പ്രധാനമന്ത്രി പദം ഒഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം മുമ്പ് യോഷിഹിതെ സുഗ ആ പദവിയിലെത്തിയിരുന്നു.
അന്നത്തെ തിരഞ്ഞെടുപ്പില്‍ കിഷിഡയെ തോല്‍പ്പിച്ചാണ് സുഗ നേതാവായത്. എന്നാല്‍ അധികാരത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി സുഗ വിട്ടുനിന്നതോടെ എല്‍ഡിപി നേതൃസ്ഥാനത്തേക്ക് ഇത്തവണ കനത്ത മത്സരം നടന്നു. ഇതിലാണ് കിഷിഡ വിജയം കണ്ടത്.ജപ്പാനില്‍ കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിലും ഒളിംപിക്‌സ് നടത്തിയതിന് വ്യാപകമായി പഴി കേട്ട സര്‍ക്കാരായിരുന്നു സുഗയുടേത്.