കാബൂള്‍ : കടയിലെത്തുന്നവരുടെ താടി വെട്ടരുതെന്ന് ബാര്‍ബര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി താലിബാന്‍. താടി വെട്ടിയൊതുക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്നും അമേരിക്കന്‍ സ്‌റ്റൈല്‍ അഫ്ഗാനില്‍ വേണ്ടെന്നും താലിബാന്‍ ബാര്‍ബര്‍മാര്‍ക്ക് താക്കീത് നല്‍കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഹെല്‍മണ്ട് പ്രവിശ്യയിലെ ചില സലൂണുകളില്‍ താലിബാന്‍ നേരിട്ട് പരിശോധ നടത്തിയതായാണ് വിവരം. താടിയും മുടിയും വെട്ടുന്നത് ശരിയത്ത് നിയമപ്രകാരം ആയിരിക്കണമെന്ന് മിക്ക സലൂണുകള്‍ക്കും പുറത്ത് താലിബാന്‍ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. നിയമങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല എന്ന മുന്നറിയിപ്പോടെയാണ് നോട്ടീസ്. കാബൂളിലും ബാര്‍ബര്‍ഷോപ്പുകള്‍ക്ക് സമാന നിര്‍ദേശം ലഭിച്ചിട്ടുള്ളതായി വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. നിയമം അനുസരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മഫ്തിയില്‍ ആളെ അയക്കുമെന്നും മറ്റും താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പലരും അറിയിച്ചു.
1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത് ശരിയത്ത് നിയമപ്രകാരം പുരുഷന്‍മാര്‍ക്ക് താടി വെട്ടാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ 2001ല്‍ ഇവര്‍ രാജ്യം വിട്ടതോടെ ക്ലീന്‍ ഷേവ് ലുക്കുകള്‍ക്ക് അഫ്ഗാനില്‍ ആരാധകരേറി. ഇതോടെ സലൂണുകളും രാജ്യത്ത് സജീവമായി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സുഗമമായി പ്രവര്‍ത്തിച്ചിരുന്ന ഹെയര്‍സ്റ്റൈലിംഗ് മേഖലയാണ് താലിബാന്റെ വരവോടെ ഇടിഞ്ഞിരിക്കുന്നത്. താടി മുറിക്കരുതെന്ന് താലിബാന്‍ ഉത്തരവിറക്കുന്നതിന് മുമ്പ് തന്നെ പലരും പേടികൊണ്ട് സലൂണുകളിലേക്കുള്ള വരവ് നിര്‍ത്തിയിരുന്നു. ഇതോടെ പട്ടിണിയിലായവരും ഏറെയാണ് അഫ്ഗാനില്‍.
ഇത്തവണ കഴിഞ്ഞകാലത്തെപ്പോലെ നിയമങ്ങള്‍ കഠിനമാകില്ല എന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും താലിബാന്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് എന്ന സത്യം അരക്കിട്ടുറപ്പിക്കുന്നതാണ് അഫ്ഗാനില്‍ നിന്നെത്തുന്ന പുതിയ വാര്‍ത്തകള്‍.