കാബൂള്‍ : അഫ്ഗാനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികളില്‍ മാറ്റമുണ്ടാവില്ലെന്ന് താലിബാന്. കൈവെട്ടും വധശിക്ഷയുമടക്കമുള്ള ശിക്ഷകള്‍ തുടരുമെന്നും നിയമകാര്യങ്ങളില്‍ എത്രയും പെട്ടന്ന് വ്യക്തത വരുത്തേണ്ടതിനാല്‍ ഇവ ഉള്‍പ്പെടുത്തിയുള്ള നിയമങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും താലിബാന് നേതാവ് മുല്ല നൂറുദ്ദീന്‍ തുറാബി അറിയിച്ചു.
ശിക്ഷാനടപടികള്‍ പൊതുയിടത്തില്‍ വേണോയെന്ന ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ വാര്‍ത്താ അഭിമുഖത്തില്‍ നൂറുദ്ദീന്‍ വ്യക്തമാക്കി. ഓരോ രാജ്യത്തിനും സ്വന്തമായ തീരുമാനങ്ങളുണ്ടെന്നും അതില്‍ മറ്റാരുടെയും അഭിപ്രായങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “എല്ലാവരും ഞങ്ങളുടെ ശിക്ഷാരീതികളെ രൂക്ഷമായി വിമര്‍ശിച്ചപ്പോഴും ഒരു രാജ്യത്തിന്റെയും ശിക്ഷാ നടപടികളെ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. ഓരോ രാജ്യത്തിനും സ്വന്തമായ നിയമങ്ങളുണ്ട്. അതില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട ആവശ്യമില്ല. ഇസ്ലാമികമായ രീതിയിലാവും ഞങ്ങള്‍ നിയമങ്ങള്‍ കൊണ്ടുവരിക.” തുറാബി കൂട്ടിച്ചേര്‍ത്തു.
താലിബാന് അഫ്ഗാന് കീഴടക്കിയതോടെ ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നായിരുന്നു മുന്‍ഭരണകാലത്ത് പൊതുയിടങ്ങളില്‍ അവര്‍ നടപ്പിലാക്കിയിരുന്ന ശിക്ഷാനടപടികള്‍. ശരീഅത്ത് നിയമമനുസരിച്ച് തെറ്റ് ചെയ്തവര്‍ക്ക് തീവ്രമായ ശിക്ഷകളാണ് നല്‍കുക. ഇത്തരം ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ കൃത്യമായ തെളിവ് വേണമെങ്കിലും ഇവ അഫ്ഗാനില്‍ വീണ്ടും തുടര്‍ന്നേക്കുമെന്നാണ് വ്യക്തമാകുന്നത്.
Discussion about this post