ജനീവ : ന്യൂയോര്‍ക്കില്‍ ഈ ആഴ്ച നടക്കുന്ന സമ്മേളനത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കണമെന്നറിയിച്ച് യുഎന്നിന് കത്തെഴുതി താലിബാന്‍. ഇതുമായി ബന്ധപ്പെട്ട് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് ആന്റോണിയ ഗുട്ടെറസിന് കത്തയച്ചത്.
കത്ത് കിട്ടിയതായി സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് സ്ഥിരീകരിച്ചു. ചൈനയും റഷ്യയും ഉള്‍പ്പെട്ട ക്രഡന്‍ഷ്യല്‍ കമ്മിറ്റിക്ക് കത്ത് കൈമാറിയെന്നും ഹഖ് പറഞ്ഞു. അഫ്ഗാന്റെ മുന്‍ യുഎന്‍ അംബാസ്സഡര്‍ ഗുലാം ഇസക്‌സായ് ന്യൂയോര്‍ക്കില്‍ ഉണ്ടെന്നിരിക്കെയാണ് താലിബാന്റെ അഭ്യര്‍ഥന.
കഴിഞ്ഞ മാസം ഇദ്ദേഹത്തെ അഫ്ഗാനില്‍ നിന്ന് താലിബാന്‍ പുറത്താക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ചുവെന്നും തങ്ങളുടെ ദോഹയിലെ വക്താവ് സുഹൈല്‍ ഷഹീനെ പുതിയ അംബാസ്സഡറായി നിയമിക്കുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സമ്മേളനം തിങ്കളാഴ്ച അവസാനിക്കുമെന്നതിനാല്‍ താലിബാനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ അഫ്ഗാനില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ രൂപപ്പെടുത്തിയെടുക്കാന്‍ താലിബാന് മേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ടെന്ന് അന്റോണിയ ഗുട്ടെറസ് അറിയിച്ചു.
Discussion about this post