ലണ്ടന്‍ : ആഡംബരഹോട്ടലിലെ ചായയില്‍ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം കലര്‍ത്തി അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെന്ന മുന്‍ ചാരനെ കൊന്നത് റഷ്യന്‍ ഭരണകൂടം തന്നെയെന്ന് ഫ്രാന്‍സിലെ യുറോപ്യന്‍ മനുഷ്യാവകാശ കോടതി. 2006ല്‍ ലണ്ടനില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ ഭാര്യ മറീന നല്‍കിയ കേസിലാണ് വിധി.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിത്വിനെങ്കോയ്ക്ക് നേരെ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ 2006ലാണ് വധശ്രമമുണ്ടാകുന്നത്. ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്രീന്‍ ടീയില്‍ പൊളോണിയം കലര്‍ത്തിയായിരുന്നു കൊലപാതകശ്രമം.സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ലിത്വിനെങ്കോ മരണമടഞ്ഞു.
മരിക്കുന്നതിന് മുമ്പ് തന്റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ ഭരണകൂടം ഇത് നിഷേധിച്ചു.ലിത്വിനെങ്കോയെ ലണ്ടനിലെ മിലേനിയം ഹോട്ടലില്‍ കാണാനെത്തിയവര്‍ അദ്ദേഹത്തിന്റെ ചായയില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ 2016ല്‍ കണ്ടെത്തിയിരുന്നു.
ലിത്വിനെങ്കോയെ സന്ദര്‍ശിച്ച കെജിബി മുന്‍ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും മറ്റൊരു റഷ്യക്കാരന്‍ ദിമിത്രി കോവ്തനും കൃത്യം നടത്തിയത് ഭരണകൂടത്തിന്റെ ഏജന്റുമാരായിട്ടാണെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിഗമനം ശരിവച്ചുകൊണ്ട് യുറോപ്യന്‍ കോടതി വിധിച്ചത്. മറീനയ്ക്ക് 1,22,500 പൗണ്ട് റഷ്യ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിലുണ്ട്.
കെജിബി വിട്ട് ബ്രിട്ടനിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6 ന് വേണ്ടിയാണ് ശിഷ്ടകാലം പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രിക്കിടക്കിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ലിത്വിനെങ്കോയുടെ ചിത്രം വലിയ രീതിയില്‍ ലോകശ്രദ്ധ നേടുകയും വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.