ജനീവ: കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ലോകത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതിനിടെ ആശങ്ക പങ്കുവെച്ച് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും വലിയ ഭീഷണിയും വിഭജനവും നേരിട്ടിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി, അഫ്ഗാനിസ്താനിലെ കലാപം, സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തടസ്സപെടുത്തുന്ന രാജ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
76ാമത് യുഎൻ ജനറൽ അസംബ്ലിയിലെ ചർച്ചയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യാവകാശം ഭീഷണിയുടെ വക്കിലാണെന്നും ശാസ്ത്രം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.
‘മുന്നറിയിപ്പ് നൽകുകയാണ്. ലോകം ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യവശ്യമായിരിക്കുന്നു. നമ്മളെല്ലാവരും ഒരു വലിയ ഗർത്തത്തിന്റെ വക്കിലാണ്, നമ്മൾ തെറ്റായ ദിശയിൽ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും ഭീഷണി നേരിട്ടിട്ടില്ല, അല്ലെങ്കിൽ ഇത്രയും വിഭജനം നേരിട്ടിട്ടില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്’- യുഎൻ മേധാവി പറഞ്ഞു.
Discussion about this post