വാഷിംഗ്ടണ്‍ : സൈനിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ-യുഎസ്-ഓസ്ട്രേലിയ സഖ്യം. ആദ്യ പടിയെന്ന നിലയ്ക്ക് ആണവ അന്തര്‍വാഹിനികളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പടെയുള്ള സഹായങ്ങള്‍ യുഎസ് ഓസ്ട്രേലിയയ്ക്ക് നല്‍കും.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ചൈന ഉള്‍പ്പടെയുള്ള വര്‍ധിച്ചുവരുന്ന ഭീഷണികളെ ചെറുക്കാന്‍ അത്യാധുനിക ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്ട്രേലിയയെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
യുഎസിന്റെ ടോംഹോക് ക്രൂയിസ് ദീര്‍ഘദൂര മിസൈലുകളാണ് ഓസ്ട്രേലിയയ്ക്ക് ലഭിക്കുക. ഇന്തോ-പസിഫിക് മേഖലയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നും അത് എല്ലാവരുടെയും ഭാവിയെ ബാധിക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ പറഞ്ഞു. അതേസമയം ഓസ്ട്രേലിയയ്ക്ക് അന്തര്‍വാഹിനികള്‍ നല്‍കാനുള്ള ഫ്രാന്‍സിന്റെ ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറിന് യുഎസ് ഇടപാട് തിരിച്ചടിയാകും.
Discussion about this post