സോള്‍ : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി ഉത്തര-ദക്ഷിണ കൊറിയകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ‘മത്സര’ പരീക്ഷണം.
ഇന്നലെ പുലര്‍ച്ചെ ഉത്തര കൊറിയ 2 ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കുന്ന ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചത്. ആണവായുധങ്ങള്‍ ഇല്ലാതെ ഇത്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ആദ്യ രാജ്യമാണ് ദക്ഷിണ കൊറിയ. അപൂര്‍വമായാണ് ഉത്തരകൊറിയയുടെ പരീക്ഷണങ്ങള്‍ക്ക് ദക്ഷിണ കൊറിയ അതേരീതിയില്‍ പ്രതികരിക്കുന്നത്.
ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള 2 ക്രൂസ് മിസൈലുകള്‍ പരീക്ഷിച്ചതായി ഉത്തരകൊറിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സൈനിക, ആയുധ ശക്തിയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ദക്ഷിണ കൊറിയയുടെ മിസൈല്‍ പരീക്ഷണമെന്നാണ് വിലയിരുത്തല്‍. ഉത്തരകൊറിയയുമായി ആണവ നിരായൂധീകരണ ചര്‍ച്ചകള്‍ തുടരുന്നത് സംബന്ധിച്ച നീക്കങ്ങള്‍ക്കായി ചൈനീസ് വിദേശകാര്യ മന്ത്രി സോളില്‍ എത്തിയതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണങ്ങള്‍. യുഎസ്-ഉത്തരകൊറിയ ചര്‍ച്ചകള്‍ 2019ല്‍ നിലച്ചിരുന്നു.
അതേസമയം മിസൈല്‍ പരീക്ഷണം സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് യുഎന്നിന്റെ അഭിപ്രായം. മിസൈല്‍ പരീക്ഷണം ഐക്യരാഷ്ട്രസംഘടനയുടെ നിബന്ധനകള്‍ പാലിക്കാതെയാണെന്നും അയല്രാജ്യങ്ങുടെ സുരക്ഷയെ മാനിക്കാതെയാണെന്നും യുഎന്‍ വക്താവ് സ്റ്റെഫനി ഡുജറിക് പറഞ്ഞു.
Discussion about this post