ഇസ്ലാമാബാദ് : അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങളുമായി പാക്കിസ്ഥാന്. പാക്കിസ്ഥാന്റെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വനിതാ അധ്യാപകര്‍ ജീന്‍സും ടൈറ്റ്സും പുരുഷ അധ്യാപകര്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കരുതെന്നാണ് നിര്‍ദേശം.
ഈ വിഷയവുമായി ബന്ധപ്പെട്ട കത്ത് സ്കൂളുകളുടെയും കോളേജുകളുടെയും പ്രിന്‍സിപ്പാളുമാര്‍ക്ക് അക്കാഡമിക്സ് ഡയറക്ടര്‍ തിങ്കളാഴ്ച അയച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക, ഡിയോഡറന്റോ സുഗന്ധലേപനമോ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോലിസമയം കൂടാതെ കാമ്പസില്‍ ചിലവഴിക്കുന്ന സമയം, ഔദ്യോഗിക കൂടിച്ചേരലുകള്‍, യോഗങ്ങള്‍ എന്നിവയിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം. അധ്യാപകര്‍ ക്ലാസ്സിനുള്ളില്‍ ടീച്ചിംഗ് ഗൗണുകളും ലബോറട്ടറികളില്‍ കോട്ടുകളും ധരിക്കണം. സ്കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യൂണിഫോം വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.ഔദ്യോഗിക യോഗങ്ങളില്‍ ഫാന്‍സി അല്ലെങ്കില്‍ പാര്‍ട്ടി വസ്ത്രങ്ങള്‍ വനിത അധ്യാപകര്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.ലളിതവും മാന്യവുമായ സല്‍വാര്‍ കമ്മിസ്, ട്രൗസര്‍, ഷര്‍ട്ടിനൊപ്പം ദുപ്പട്ട അല്ലെങ്കില്‍ ഷാള്‍ എന്നിവയാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
ശൈത്യകാലത്ത് അധ്യാപികമാര്‍ക്ക് മാന്യമായ നിറത്തിലും ഡിസൈനിലുമുള്ള കോട്ട്, ബ്ലേസര്‍ സ്വെറ്റര്‍, ജേഴ്സി, ഷാള്‍ തുടങ്ങിയവ ധരിക്കാം. പാദരക്ഷകളുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. പമ്പ്സ്, ലോഫര്‍, മ്യൂള്‍ തുടങ്ങിയ ഫോര്‍മല്‍ ഷൂകളോ സ്നീക്കേഴ്സോ ഉപയോഗിക്കാം. സ്ലിപ്പറുകള്‍ അനുവദനീയമല്ല.
Discussion about this post