ഹോചിമിൻ: ക്വാറന്റൈൻ നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽപറത്തി നഗരത്തിലേക്ക് യാത്ര ചെയ്ത് നിരവധി പേർക്ക് കോവിഡ് പരത്തിയ യുവാവിന് ജയിൽ ശിക്ഷ വിധിച്ച് വിയറ്റ്‌നാമിലെ കോടതി. 28കാരനായ യുവാവിനാണ് അഞ്ചുവർഷം ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. വിയറ്റ്‌നാമിലെ ഹോചിമിൻ നഗരത്തിൽ ലെ വാൻ ത്രി എന്നയാളാണ് ‘മാരകരോഗം മറ്റുള്ളവർക്ക് പരത്തി’ എന്ന കുറ്റത്തിന് ജയിലാക്കപ്പെട്ടത്.
ഇയാൾ സ്വന്തം പ്രവിശ്യയായ കാ മൗവിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് നിയമങ്ങൾ ലംഘിച്ച് ഹോചിമിൻ നഗരത്തിലേക്ക് യാത്രചെയ്യുകയായിരുന്നു. ഇയാൾക്ക് ജൂലൈ ഏഴിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 21 ദിവസം ക്വാറന്റൈനിൽ കഴിയാൻ അധികൃതർ നിർദേശിച്ചിരുന്നെങ്കിലും അത് അനുസരിക്കാതെയായിരുന്നു യാത്ര.
വാൻ ത്രിയുടെ അശ്രദ്ധമായ പെരുമാറ്റം കാരണം കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമടക്കം നിരവധി പേർക്ക് കോവിഡ് രോഗം പിടിപെടാൻ കാരണമായെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ രോഗം ബാധിച്ച ഒരാൾ ആഗസ്റ്റ് ഏഴിന് മരണപ്പെട്ടതായും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇതോടെയാണ് ഒരു ദിവസത്തെ വിചാരണക്കു ശേഷം ലെ വാൻ ത്രി ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷക്കു പുറമെ പിഴശിക്ഷയുമൊടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഈ വർഷം മേയ് വരെ നാമമാത്രമായ കോവിഡ് കേസുകളുണ്ടായിരുന്ന വിയറ്റ്‌നാം നിലവിൽ രോഗം കാരണം വൻ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രണ്ടാഴ്ചയിലേറെയായി 12,000നും 15,000നുമിടയിൽ പ്രതിദിന കോവിഡ് ബാധയാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്.