ന്യൂഡല്‍ഹി : താലിബാന് കീഴടക്കിയ, ജയ്ഷെ-ഈ-മുഹമ്മദിന്റെയും ലഷ്കര്‍-ഈ-തയിബയുടെയും കടന്ന് കയറ്റത്തിന് സാധ്യതകളുള്ള അഫ്ഗാനില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ ഇന്ത്യയും അമേരിക്കയും സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്ഷ്വര്ധന് ശൃംഗ്ള. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാഷിംഗ്ടണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വം പ്രതികരിക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ താലിബാന് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.”അഫ്ഗാനിലെ സ്ഥിതിഗതികള്‍ അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ ഏറെ ഗൗരവമായി കാണുന്നത് പാക്കിസ്ഥാന്റെ നീക്കങ്ങളാണ്. ജയ്ഷെ-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തയിബ എന്നീ ഭീകരസംഘടനകള്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഏത് തരത്തില്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്. അഫ്ഗാന്റെ നിലവിലെ സ്ഥിതി പ്രവചനാതീതമാണ്.” അദ്ദേഹം പറഞ്ഞു.
“കാര്യങ്ങള്‍ നിരീക്ഷിക്കുകയെന്നാല് ഒന്നും ചെയ്യാതിരിക്കുന്നു എന്നതല്ല. താലിബാന് പരസ്യമായി നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അഫ്ഗാന്റെ മണ്ണില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം താലിബാനാണെന്ന് അമേരിക്ക അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാന് വിഷയത്തില്‍ അമേരിക്കയുമായി സഹകരിച്ചാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.” ശൃംഗ്ള കൂട്ടിച്ചേര്‍ത്തു.
Discussion about this post