ന്യൂഡല്‍ഹി : അഫ്ഗാനില്‍ താലിബാന് പുതിയ സര്‍ക്കാരിന് ഉടന്‍ രൂപം നല്‍കുമെന്ന് സൂചന. ഇത് സംബന്ധിച്ച് താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റ് നേതാക്കളും തമ്മില്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.
താലിബാന് പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്സാദയായിരിക്കും ഭരണകൂടത്തിന്റെ തലവന്‍ എന്ന് താലിബാന് സാംസ്കാരിക കമ്മിഷന് അംഗം ബിലാല്‍ കരീമി പറഞ്ഞു. അഖുന്‍സാദയുടെ മൂന്ന് പ്രധാന അനുയായികളില്‍ ഒരാളും പൊതുയിടങ്ങളിലെ താലിബാന്റെ മുഖവുമായ ഗനി ബറാദറിനായിരിക്കും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുവതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “കഴിഞ്ഞ സര്‍ക്കാരിലെ നേതാക്കളും ഇസ്ലാമിക് എമിറേറ്റ്സ് നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു. ധാരണയില്‍ എത്തിക്കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ത്തന്നെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.” അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണത്തിനായി യുഎസ് സേനയുടെ പൂര്‍ണ പിന്മാറ്റം കാത്തിരിക്കുകയായിരുന്നു താലിബാനെന്നാണ് കാബൂള്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. യുഎസിന്റെ പിന്‍വാങ്ങലോടെ താലിബാന് ക്യാംപ് കൂടുതല്‍ ആവേശത്തിലാണെങ്കിലും കനത്ത വെല്ലുവിളിയാണ് വരും നാളുകളില്‍ താലിബാനെ കാത്തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, ആഭ്യന്തര കലാപങ്ങള്‍ നിയന്ത്രിക്കുക, ഐഎസ് ക്യാംപിന്റെ കടന്നുകയറ്റം തടയുക തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
നിലവില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ക്കായി കാണ്ഡഹാറിലുള്ള അഖുന്‍സാദ ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
Discussion about this post