പാരീസ്: ഇന്ധനവില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ നടന്ന യെല്ലോവെസ്റ്റ് പ്രക്ഷോഭത്തിന് പിന്നാലെ സര്‍ക്കാറിന് തലവേദനയായി പോലീസിന്റെ നേതൃത്വത്തിലും പ്രക്ഷോഭം. മോശം ജോലി സാഹചര്യവും വേതന വ്യവസ്ഥകളിലും പ്രതിഷേധിച്ചാണ് പോലീസുകാര്‍ തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് അറിയിച്ചാണ് പോലീസുകാരുടെ പ്രതിഷേധം. നൂറുകണക്കിന് പോലീസുകാരാണ് കഴിഞ്ഞ ദിവസം സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രാജ്യവ്യാപകമായി പണിമുടക്കും പ്രക്ഷോഭങ്ങളും നടത്താനാണ് പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. വളരെ മോശമായ സാഹചര്യങ്ങളിലാണ് തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നതെന്നും, മതിയായ പരിഗണന സേവന വേതന വ്യവസ്ഥകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് പോലീസുകാരുടെ പരാതി.
ഫ്രാന്‍സില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ‘മൊബലൈസേഷന്‍ ഓഫ് ആഗ്രി പോലീസ്‌മെന്‍’ എന്ന സംഘടനയാണ.് ഇന്ധനവില വര്‍ധനവിനെതിരെ നടന്ന യെല്ലോവെസ്റ്റ് പ്രക്ഷോഭത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്ന വിഭാഗമാണ് പോലീസ്. പ്രക്ഷോഭം നിയന്ത്രണ വിധേയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതും പോലീസാണ്. എന്നാല്‍ സര്‍ക്കാര്‍ ഇവരെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും പ്രഖ്യാപിച്ച വേതന വര്‍ധനവ് പോലും നാമമാത്രമാണെന്നുമാണ് പോലീസുകാരുടെ പ്രധാന ആരോപണം.