കാബൂള്‍ : അഫ്ഗാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളം അടച്ചുകെട്ടി താലിബാന്. വ്യാഴാഴ്ച നടന്ന ആക്രമണത്തിന് ശേഷം ആളുകള്‍ കൂട്ടം കൂട്ടമായി രാജ്യം വിടാനെത്തിയതോടെയാണ് വിമാനത്താവളം താലിബാന് സീല്‍ ചെയ്തത്.
വിമാനത്താവളത്തിലേക്കുള്ള വഴികളില്‍ കൂടുതല്‍ ചെക്ക്പോയിന്റുകളും ബാരിക്കേഡുകളും നിറഞ്ഞതായി യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന് അംഗങ്ങള്‍ നേരിട്ടാണ് എല്ലാ പ്രധാന പോയിന്റുകളിലും പരിശോധന നടത്തുന്നത്. മിക്കയിടങ്ങളിലും ഇവര്‍ മനുഷ്യച്ചങ്ങലകള്‍ തീര്‍ത്തിട്ടുണ്ട്.യുഎസ്-നാറ്റോ സഖ്യം ചൊവ്വാഴ്ചയോടെ ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
താലിബാന് രാജ്യം കീഴടക്കിയ ഓഗസ്റ്റ് 14 മുതല്‍ ഇതുവരെ 1,13,500 പേരെ ഒഴിപ്പിച്ചതായി യുഎസ് അറിയിച്ചു.അഫ്ഗാനിലുള്ള മറ്റ് രാജ്യങ്ങളും രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തിലാണ്. സ്വദേശികളും വിദേശികളുമായ ആയിരത്തോളം ആളുകളുമായി യുകെയുടെ അവസാന വിമാനം ഇന്ന് അഫ്ഗാന് വിട്ടു. ചൊവ്വാഴ്ചയോടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കണമെന്ന് താലിബാന് നിര്ദേശിച്ചിട്ടുള്ളതിനാല് തങ്ങളുമായി സഹകരിച്ചവരില് കുറച്ച് പേരെ അഫ്ഗാനില്‍ തന്നെ തുടരാനനുവദിക്കേണ്ടി വരുമെന്നാണ് മിക്ക രാജ്യങ്ങളും അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് രാജ്യം വിടാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ലോകനേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
Discussion about this post