വാഷിംഗ്ടണ്‍ : കാബൂളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് യുഎസ്. ദേശീയ സുരക്ഷാ സമിതിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നല്‍കിയത്.
വൈറ്റ് ഹൗസില്‍ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര സുരക്ഷാ യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും പങ്കെടുത്തു. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണ് വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. “അതീവ അപകടകരമാണ് അഫ്ഗാനിലെ നിലവിലെ സാഹചര്യം. കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത വളരെ കൂടുതലാണ്. 24-36 മണിക്കൂറിനകം കാബൂളില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് യുഎസ് കമാന്‍ഡര്‍ അറിയിച്ചിരിക്കുന്നത്.” ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിന് പരിസരപ്രദേശത്ത് നിന്നും എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നാണ് യുഎസ് പൗരന്മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. നാറ്റോ-യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാന്‍ വിടാനൊരുങ്ങവെ യുകെയുടെ അവസാന വിമാനം അഫ്ഗാനില്‍ നിന്ന് പുറപ്പെട്ടു.