ലണ്ടൻ: രാജ്യത്തെ 88 പട്ടികൾക്ക് രക്തം ദാനംനൽകിയ ഇംഗ്ലണ്ടിലെ ഡോഗ് ‘വൂഡി’ ആറുകൊല്ലത്തെ സേവനത്തിനുശേഷം വിരമിച്ചു. അപൂർവ്വ രക്തഗ്രൂപ്പുള്ള ‘ഗ്രേഹൗണ്ട്’ വിഭാഗത്തിൽ പെട്ട വൂഡി ഡോഗാണ്് രക്തദാനത്തിലൂടെ പ്രസിദ്ധിയാർജ്ജിച്ചിരുന്നത്. ഗ്രേഹൗണ്ടുകളിൽ 30 ശതമാനത്തിൽ മാത്രം കണ്ടുവരുന്ന അപൂർവരക്തഗ്രൂപ്പ് മിക്ക പട്ടികൾക്കും സ്വീകരിക്കാവുന്നതാണ്.
ഒന്നുമുതൽ എട്ടു വയസ്സുവരെയുള്ള നായകളിൽ നിന്നേ ബ്ലഡ് ബാങ്കിലേക്ക് രക്തം സ്വീകരിക്കുകയുള്ളൂ. അതിനാൽ, ഒൻപത് വയസ്സായതോടെയാണ് വൂഡി വിരമിച്ചത്.
”മനുഷ്യരെപ്പോലെ നമ്മുടെ വളർത്തുമൃഗങ്ങൾക്കും രക്തം വളരെ പ്രധാനമാണ്, കൂടാതെ വൂഡി നൽകിയ സംഭാവന രാജ്യത്തുടനീളമുള്ള മറ്റ് നായ്ക്കളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു ദാതാവായി വൂഡിയെ ലഭിച്ചതിൽ അഭിമാനിക്കുന്നു, അവൻ ശരിക്കും ഒരു സൂപ്പർസ്റ്റാർ ആണ്’-ബ്ലഡ് ബാങ്ക് ജീവനക്കാർ പറയുന്നു. ഓരോ പ്രാവശ്യം രക്തം നൽകുമ്പോഴും വളരെ ക്ഷമയോടെ വൂഡി ശാന്തനായിരുന്നുവെന്ന് ഉടമ വെൻഡി ഗ്രേ കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ ലെസ്റ്റർഷയറിലെ മെൽട്ടൺ മൗബ്രേയിൽ നിന്നുള്ള വൂഡി മൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് ആറു വർഷത്തിനിടെ 22 പ്രാവശ്യവും. ഓരോ ദാനത്തിലും എടുക്കുന്ന 450 മില്ലി രക്തം നാല് നായകൾക്ക് വരെ നൽകാനാവുമെന്ന് ബ്രിട്ടനിലെ വളർത്തുമൃഗ ബ്ലഡ്ബാങ്ക് ജീവനക്കാർ പറയുന്നു.
Discussion about this post