വാഷിംഗ്ടണ്‍ : റോബര്‍ട്ട് എഫ് കെന്നഡിയുടെ കൊലപാതകി സിര്ഹാന് സിര്‍ഹാനെ പരോളിന് പരിഗണിക്കാനൊരുങ്ങുന്നു. കൊലപാതകക്കേസില്‍ 53 വര്‍ഷമായി ജയിലില്‍ കഴിയുന്ന സിര്‍ഹാനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കാലിഫോര്‍ണിയന്‍ പരോള്‍ ബോര്‍ഡ് ആണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് സിര്ഹാന് പൊതു ഭീഷണിയല്ലെന്ന് സാധൂകരിക്കുന്നതാണെങ്കിലും വെറുതേ വിടുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. 1963ല്‍ ലോസ് ഏഞ്ചല്‍സ് ഹോട്ടലില്‍ നടന്ന പ്രസംഗത്തിനിടെയാണ് അന്നത്തെ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന റോബര്‍ട്ട് എഫ് കെന്നഡിയെ സിര്ഹാന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുന്നത്. റോബര്‍ട്ടിന്റെ സഹോദരനും പ്രസിഡന്റുമായിരുന്ന ജോണ്‍ എഫ് കെന്നഡി സമാനരീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു റോബര്‍ട്ടിന്റെ മരണം.
അന്ന് 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സിര്ഹാന് പതിനാറ് തവണയാണ് പരോളിനപേക്ഷിച്ചത്. കെന്നഡിയുടെ മക്കള്‍ തന്റെ പിതാവിന്റെ കൊലപാതകിയെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയന്‍ പരോള്‍ ബോര്‍ഡിന് മുന്‍പാകെ അപ്പീല്‍ നല്‍കിയിരുന്നു.
സംഭവം നടന്നിട്ട് അരനൂറ്റാണ്ടിലേറെ കഴിഞ്ഞുവെന്ന് പറഞ്ഞ സിര്ഹാന് തന്നിലെ ചെറുപ്പമെല്ലാം ചോര്‍ന്ന് പോയെന്ന് കൂട്ടിച്ചേര്‍ത്തു.
“കെന്നഡി ലോകത്തിന്റെ പ്രതീക്ഷയായിരുന്നു. ഞാന്‍ ആ പ്രതീക്ഷകള്‍ക്ക് പരിക്കേല്‍പ്പിച്ചു. അത് വേദനാജനകമാണെന്ന ബോധ്യം ഇന്നെനിക്കുണ്ട്.” സിര്ഹാന് പരോള്‍ ഹിയറിങ്ങില്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post