തിരിച്ചടിച്ച് അമേരിക്ക : ഇരട്ടസ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചെന്ന് സൈന്യം

Kabul | Bignewslive

വാഷിംഗ്ടണ്‍ : വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചെന്ന് അമേരിക്ക. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചെന്നും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.

ആക്രമണത്തില്‍ പ്രദേശവാസികളാരും കൊല്ലപ്പെട്ടതായി വിവരമില്ല. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ അഫ്ഗാന് പുറത്തു നിന്നായിരുന്നു ആക്രമണം. വിമാനത്താവളത്തിലെ ചാവേറാക്രമണത്തിന് ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. പതിമൂന്ന് യുഎസ് സൈനികരുടേതുള്‍പ്പടെ നൂറിലധികം ആളുകളുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

ബ്രിട്ടീഷ്, യുഎസ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലാണ് ആദ്യ സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിന് സമീപം രണ്ടാം സ്‌ഫോടനമുണ്ടായി. യുഎസ് സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെ ലക്ഷ്യം വച്ചാണ് ചാവേറാക്രമണം നടത്തിയതെന്ന് ഐഎസ് വക്താക്കള്‍ വെളിപ്പെടുത്തിയിരുന്നു.

സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വിമാനത്താവളത്തിന് പുറത്ത് യുഎസ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്. സ്‌ഫോടനത്തിന് പുറമെ ഇന്നലെയും പതിനായിരങ്ങള്‍ രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തി. ഈ മാസം 31ന് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.

Exit mobile version