കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്നലെയുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. പതിമൂന്ന് യുഎസ് സൈനികരെയും 28 താലിബാന്‍കാരെയും ചേര്‍ത്തുള്ള കണക്കാണിത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യുഎസ് അഫ്ഗാനില്‍ നിരീക്ഷണം ശക്തമാക്കി.
വിമാനത്താവളം ലക്ഷ്യമാക്കി റോക്കറ്റുകളോ കാര്‍ ബോംബുകളോ ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ യുഎസ് പ്രതീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡര്‍ മേധാവി ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പറഞ്ഞു.ബോംബ് സ്‌ഫോടനത്തോടൊപ്പം വെടിവെയ്പ്പും ഉണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബ്രിട്ടീഷ്, യുഎസ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലാണ് ആദ്യ സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിന് സമീപം രണ്ടാം സ്‌ഫോടനമുണ്ടായി.
യുഎസ് സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെ ലക്ഷ്യം വച്ചാണ് ചാവേറാക്രമണം നടത്തിയതെന്ന് ഐഎസ് വക്താക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്.