കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ ഇരട്ടസ്ഫോടനത്തെത്തുടര്ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു. യുഎസ്, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാവിമാനങ്ങള്‍ ആളുകളുമായി പറന്നുപൊങ്ങിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയതായി യുകെ അറിയിച്ചിട്ടുണ്ട്. ഇന്ന് 1000 പേരെ യുകെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കും. മുമ്പത്തേതിലും അധികം ആളുകളാണ് സ്ഫോടനത്തിന് ശേഷം രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയിരിക്കുന്നതെന്നും പലയിടത്തും തിരക്ക് നിയന്ത്രണാതീതമായന്നെും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് കാബൂള്‍ ഹമീദ് അന്‍സാരി വിമാനത്താവളത്തില്‍ രണ്ട് തവണയായി ചാവേര്‍ പൊട്ടിത്തെറിച്ചത്. ബ്രിട്ടീഷ്, യുഎസ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലാണ് ആദ്യ സ്ഫോടനം നടന്നത്. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിന് സമീപം രണ്ടാം സ്ഫോടനമുണ്ടായി. പതിമൂന്ന് യുഎസ് സൈനികര്‍ ഉള്‍പ്പടെ ഏകദേശം 110 പേര് സ്ഫോടനത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.
യുഎസ് സൈന്യത്തെ സഹായിച്ച അഫ്ഗാന് പൗരന്മാരെ ലക്ഷ്യം വച്ചാണ് ചാവേറാക്രമണം നടത്തിയതെന്ന് ഐഎസ് വക്താക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചിരിക്കുന്നത്.
Discussion about this post