നാല് മാസം നീണ്ട ‘രാത്രിയ്ക്ക്’ വിട: അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യന്‍ ഉദിച്ചു

അന്റാര്‍ട്ടിക്ക: നാല് മാസത്തിലേറെ നീണ്ട രാത്രിയ്ക്ക് ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യന്‍ ഉദിച്ചു. നാലോ അഞ്ചോ മാസമാണ് അന്റാര്‍ട്ടിക്കയില്‍ രാത്രികാലം നീണ്ടുനില്‍ക്കുന്നത്. ആ സമയത്ത് 24 മണിക്കൂറും അന്റാര്‍ട്ടിക്കയില്‍ ഇരുട്ടായിരിക്കും.

ഇതോടെ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും പുനഃരാരംഭിച്ചു.
നീണ്ടുനില്‍ക്കുന്ന രാത്രികാലം കാരണം ശീതകാലത്ത് ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകര്‍ക്ക് അസാധ്യമാണ്.

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ അന്റാര്‍ട്ടിക്കയിലുണ്ട്. നവംബറില്‍ അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകര്‍ തിരികെയെത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യുകയാണ് പതിവ്.

വേനല്‍, ശിശിരം തുടങ്ങി രണ്ട് കാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുണ്ടാവുന്നത്. നാല് മുതല്‍ ആറ് മാസത്തോളമാണ് ഓരോ കാലവും നീളുന്നത്. വേനല്‍ക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോഴും താണനിലയില്‍ തന്നെ തുടരും.

ശിശിരത്തില്‍ മൈനസ് 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില. അന്റാര്‍ട്ടിക്ക ഗവേഷകര്‍ക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അന്റാര്‍ട്ടിക്കയിലേക്ക് പഠനം നടത്താനെത്തുന്നത്.

Exit mobile version