മോസ്കോ : അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ റഷ്യ ഉള്‍പ്പടെയുള്ള മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. അഫ്ഗാനില്‍ നിന്നെത്തുന്ന അഭയാര്‍ഥികളെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കയക്കുന്നത് എതിര്‍ത്ത പുടിന് വിഷയം കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്ഗനൈസേഷന് (സിഎസ്ടിഒ) ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു.
അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങള്‍ പുടിന് കഴിഞ്ഞ ദിവസം കസഖ്സ്ഥാന്‍ ഭരണാധികാരിയുമായി ചര്‍ച്ച ചെയ്തിരുന്നു. യുഎസിനും നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കും എതിരെയാണ് പുടിന് വിമര്‍ശനം ഉയര്‍ത്തിയത്. അഫ്ഗാന് അഭയാര്‍ഥികളെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കുകയെന്നത് ചില പാശ്ചാത്യ രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആശയമായിരുന്നു.അഭയാര്‍ഥികളെ മറയാക്കി അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരര്‍ എത്തിയേക്കാമെന്നാണ് പുടിന്റെ വാദം. അഭയാര്‍ഥി പ്രശ്നത്തിന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും പുടിന് പറഞ്ഞു.
താലിബാന് അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയാര്‍ഥികള്‍ പ്രവഹിക്കുകയാണെന്ന് ഉസ്ബക്കിസ്ഥാന്, തിജിക്കിസ്ഥാന്, തുര്‍ക്ക്മെനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ അറിയിച്ചിരുന്നു. അഭയാര്‍ഥികളെന്ന വ്യാജേന ഐഎസ് ഭീകകരുള്പ്പടെ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ ആശങ്ക. ഓഗസ്റ്റ് 14ന് ശേഷം ഏഴായിരത്തിലേറെ പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപെടുത്തിയെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.
Discussion about this post