ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ച് പാക്കിസ്ഥാന്‍. കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിലെ സൗകര്യക്കുറവും റണ്‍വേയിലെ മാലിന്യക്കൂമ്പാരവുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് അറിയിച്ചു.
ഈ എയര്‍ലൈന്‍സ് മാത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി കാബൂളിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്നത്. താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം.
റണ്‍വേയിലെ മാലിന്യങ്ങള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും പാക് എയര്‍ലൈന്‍സുകള്‍ ഭയക്കുന്നു. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കയുടെ കൈകളിലാണെന്നും അവര്‍ സൈനിക വിമാനങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും പാക്ക് ആക്ഷേപമുണ്ട്.
വിമാനത്താവളത്തില്‍ ഉടന്‍ അവശ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ഐ.എ വക്താവ് അബ്ദുള്ള ഹഫീസ് അറിയിച്ചു.മാധ്യമപ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം 1500 പേരെ പാക്കിസ്ഥാന്‍ അഞ്ച് തവണയായി ഇതുവരെ തിരിച്ചെത്തിച്ചു. ഒരറിയിപ്പുണ്ടാകുന്നത് വരെ വിമാനസര്‍വീസ് പുനരാരംഭിക്കില്ലെന്നാണ് വിവരം.