കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ ആദ്യ ഫത്വ ഇറക്കി.
സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍ വിലക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളും സര്‍വ്വകലാശാല അദ്ധ്യാപകരുമായി താലിബാന്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.
സമൂഹത്തിലെ തിന്മകള്‍ വര്‍ദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണ്. അതിനാല്‍ അഫ്ഗാനിലെ കോളേജുകളില്‍ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്ന് താലിബാന്‍ വക്താവ് യോഗത്തില്‍ പറഞ്ഞു. ഇരു വിഭാഗക്കാര്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ സജ്ജീകരിക്കണമെന്നാണ് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതുപോലെ തന്നെ വനിതാ അദ്ധ്യാപകരോ മുതിര്‍ന്ന അദ്ധ്യാപകരോ മാത്രമേ പെണ്‍കുട്ടികളെ പഠിപ്പിക്കാവൂ എന്നും താലിബാന്‍ ഉത്തരവിട്ടു.
അഫ്ഗാനിസ്താനില്‍ നിലവില്‍ ആണ്‍കുട്ടികുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.
സര്‍ക്കാര്‍ സര്‍വകലാശലകളില്‍ വെവ്വേറെ ക്ലാസുകള്‍ സൃഷ്ടിക്കാനാകും, അതേ സമയം സ്വകാര്യ സര്‍കലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപരി പഠനം നടത്താന്‍ സാധിക്കാതെ വരും എന്നാണ് വിലയിരുത്തല്‍.
അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും താലിബാന്‍ ഭണത്തിന് കീഴില്‍ സാധിക്കുമെന്നാണ് ഭീകര സംഘടന ഉറപ്പ് നല്‍കിയിരുന്നത്.
Discussion about this post