കാബൂൾ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ നിന്നും രക്ഷപ്പെടാനായി ശ്രമിക്കുന്ന അനേകരുടെ ചിത്രം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇതിനിടെ മുള്ളുവേലിക്ക് മുകളിലൂടെ പിഞ്ചുകുഞ്ഞിനെ യുഎസ് സൈനികരെ ഏൽപ്പിക്കുന്ന മാതാപിതാക്കളുടെ ചിത്രവും ഏറെ നോവായിരുന്നു. ഒടുവിലിതാ ആ കുഞ്ഞ് സുരക്ഷിതയാണെന്ന് സ്ഥിരീകരിച്ച് യുഎസ് സൈന്യം തന്നെ രംഗത്തെത്തി.
കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളെ തിരിച്ചേൽപ്പിച്ചതായി യുഎസ് സേന സ്ഥിരീകരിക്കുകയായിരുന്നു. രാജ്യം വിടുന്നതിനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കുടുംബാണ് കുഞ്ഞിനെ സൈനികർക്ക് എറിഞ്ഞു കൊടുത്തത്. കുഞ്ഞ് പിതാവിന്റെ കൈകളിൽ തന്നെ തിരിച്ചെത്തിയതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. കുഞ്ഞ് സുരക്ഷിതനായി ഇരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ആവശ്യമായി വന്നുവെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. വിമാനത്താവളത്തിന് അടുത്തുള്ള നോർവീജിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് പിന്നീട് കുടുംബത്തോടൊപ്പം ചേർന്നതായും അദ്ദേഹം പറഞ്ഞു. കുട്ടിയെ കാബൂൾ വിമാനത്താവളത്തിനു സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയതായും വൈദ്യസംഘത്തിന്റെ പരിചരണം കൊടുത്തതായും യുഎസ് സേന വക്താവ് മേജർ ജിം സ്റ്റെൻഗർ പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post