കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാനായി തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്ത്യക്കാർ ഉൾപ്പടെ 150ഓളം പേരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിനടുത്തെത്തിയ ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെച്ചെന്നുമാണ് റിപ്പോർട്ട്. ചില അഫ്ഗാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ വിദേശകാര്യമന്ത്രാലയം ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാനും നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിനു പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങിയിട്ടുണ്ട്. 85 യത്രക്കാരുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Discussion about this post