കാബൂള്‍ : യുഎസ്-നാറ്റോ സഖ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ വകവരുത്താന്‍ വീടുകള്‍ കയറിയിറങ്ങി താലിബാന്‍ തിരച്ചില്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
യുഎസ്-നാറ്റോ സഖ്യസൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കര്‍ശന നിരീക്ഷണമാണ് താലിബാന്‍ നടത്തുന്നത്. രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലെത്തുന്നവരെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തി വിടുന്നതെന്നും കീഴടങ്ങാന്‍ തയ്യാറാകാത്തവരുടെ കുടുംബാംഗങ്ങളെ ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുകയാണെന്നും നോര്‍വീഡിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനാലിസിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാധാനപൂര്‍ണമായ ഭരണമാവും ഉണ്ടാവുക എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും താലിബാന്‍ ഭരണചരിത്രം ആവര്‍ത്തിക്കുകയാണോ എന്ന ആശങ്ക പരത്തുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച കാബൂള്‍ പിടിച്ച ശേഷം താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും ആരെയും ആക്രമിക്കില്ലെന്ന് പറയുകയും ചെയ്‌തെങ്കിലും ആയിരങ്ങള്‍ രാജ്യം വിടാനുള്ള നെട്ടോട്ടത്തിലാണ്.