കാബൂള്‍: അഫിഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പൂര്‍ണ്ണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടം തേടിയുള്ള ജനങ്ങളുടെ പ്രാണരക്ഷാര്‍ത്ഥമുള്ള കൂട്ടപലായനം രാജ്യം ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോള്‍ അതിലും ഭീകരത ഉളവാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
പറന്നുയരുന്ന വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെ ദൃശങ്ങളാണ് വ്യാപകമാവുന്നത്. പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് പ്രാണന്‍ കൈയ്യില്‍ പിടിച്ച് ഇവര്‍ യാത്ര ചെയ്തത്. കൂട്ടത്തില്‍ ആരോ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പും ലഭിച്ചിട്ടില്ല. ഏത് വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന കാര്യത്തിലും വ്യക്തതയില്ല.
നേരത്തെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചത്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നിലെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത്. കാബൂളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. സംഭവത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു.
Discussion about this post