വാഷിംഗ്ടണ്‍ : അഫ്ഗാന് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനില്‍ നിന്നും സേനയെ പിന്‍വലിച്ചതില്‍ തെല്ലും കുറ്റബോധമില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ ബൈഡന് പറഞ്ഞു.
“അഫ്ഗാനില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ മികച്ച സമയം എന്നൊന്നുണ്ടായിട്ടില്ല. ഒരു രാജ്യത്ത്, ആ രാജ്യത്തെ പോരാളികള്‍ക്ക് പോലും പിടിച്ചു നില്ക്കാനാവാത്ത നിലയില്‍ നടക്കുന്ന ഒരു ആഭ്യന്തരയുദ്ധത്തില്‍ മറ്റൊരു രാജ്യത്തെ പോരാളികളെ എത്ര നാള് നിലനിര്‍ത്തും. ഇനിയുമെത്ര അമേരിക്കന്‍ യുവത്വത്തെ അഫ്ഗാനിലേക്കയക്കണമെന്നാണ് നിങ്ങളെന്നോട് പറയുന്നത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചതില്‍ തെല്ലും കുറ്റബോധമില്ല. അതാണ് ചെയ്യേണ്ടിയിരുന്നത്.” ബൈഡന് പറഞ്ഞു.അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചതിന് ശേഷമുള്ള നാലാമത്തെ പ്രസിഡന്റ് ആണ് താനെന്നും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ബൈഡന് അറിയിച്ചു.
അഫ്ഗാന് നയത്തില്‍ കാലങ്ങളായി പാളിപ്പോയ പല ചുവടുകളുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയില്‍ താനേറ്റെടുക്കുന്നുവെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. നയതന്ത്ര ഓഫീസുകള്‍ അടച്ച് ഉദ്യോഗസ്ഥരെ രാജ്യത്തേക്ക് സുരക്ഷിതമായി കൊണ്ടുവരാന്‍ സാധിച്ചു എന്നറിയിച്ച ബൈഡന് അഫ്ഗാന് ജനതയ്ക്ക് അമേരിക്ക നല്കുന്ന പിന്തുണ തുടരുമെന്നും അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണമായിരുന്നില്ല അമേരിക്കയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.
പ്രതീക്ഷിച്ചതിലും നേരത്തേയാണ് അഫ്ഗാന്റെ പതനം ഉണ്ടായതെന്നും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും ബൈഡന് അഭിപ്രായപ്പെട്ടു. അഫ്ഗാന് സൈന്യം ചെറുത്തുനില്‍പ്പ് ലവലേശം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post