ജീവന്‍ രക്ഷിയ്ക്കാന്‍ വിമാനത്തിന്റെ ചിറകില്‍ കയറി, പറന്നുയര്‍ന്നപ്പോള്‍ പിടിവിട്ട് താഴേയ്ക്ക്: ലോകത്തിന്റെ കണ്ണീരായ് അഫ്ഗാന്‍ ജനത

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കൈയ്യടക്കിയതോടെ രാജ്യത്തുനിന്നും പുറത്തുവരുന്നത് കണ്ണീര്‍ചിത്രങ്ങളാണ്. ജനിച്ച മണ്ണിനോട് വിട പറഞ്ഞ് ജീവനും കൊണ്ട് പായുകയാണ് ജനത ലോകത്തിന്റെ കണ്ണീരായ് മാറിയിരിക്കുകയാണ്.

കൂട്ടപ്പലായനത്തിനിടെ വിമാനത്തിന്റെ ടയറില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പേര്‍ താഴേക്ക് പതിക്കുന്ന ദാരുണ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. വിമാനത്തില്‍ നിന്ന് കെട്ടിടത്തിന് മുകളിലേക്ക് ആളുകള്‍ വീണതിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കാബൂളില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ നിരവധി പേരാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനികള്‍ക്ക് നേരെ നിറയൊഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സ്വന്തം പൗരന്മാരെ പൂര്‍ണ്ണമായും തിരികെയെത്തിക്കാനുള്ള അതിതീവ്ര ശ്രമത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍. ഏത് സമയവും പുറപ്പെടാന്‍ തയ്യാറായി രണ്ട് എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലുണ്ട്.

അതേസമയം രാജ്യ ഭരണം താലിബാന്‍ കൈയ്യാളിയതിനു പിന്നാലെ കനത്ത ആശങ്കയിലാണ് രാജ്യത്തെ സ്ത്രീകള്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ തങ്ങളുടെ ജീവിതം മാറി മറഞ്ഞ സാഹചര്യമാണ് രാജ്യത്ത്. 20 വര്‍ഷം മുമ്പത്തെ താലിബാന്‍ ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ഇവര്‍ ഭയക്കുന്നു.

പുറത്തിറങ്ങുമ്പോള്‍ മുഖവും ശരീരവും മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കല്‍, എട്ട് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കല്‍, പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാതിരിക്കല്‍ തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

താലിബാന്‍ ആക്രമണം ഭയന്ന് സ്ത്രീകളുടെ മുഖം കാണിക്കുന്ന സലൂണുകളുടെയും മറ്റും പരസ്യങ്ങളുടെ ചുവര്‍ ചിത്രങ്ങള്‍ കാബൂളില്‍ വെള്ള പെയിന്റടിച്ച് മായ്ക്കുകയാണ്. ഇതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. അതേസമയം നഗരത്തിലെ ബുര്‍ഖ ഷോപ്പുകളില്‍ തിരക്കാണ്. താലിബാനെ ഭയന്ന് നിരവധി സ്ത്രീകള്‍ തങ്ങളുടെ ഇഷ്ട വസ്ത്രം ഉപേക്ഷിച്ച് ബുര്‍ഖകളിലേക്ക് മാറുകയാണ്.

Exit mobile version