ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം. 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി. വൈകിട്ട് ആറിന് കാബൂളില്‍ നിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് ഡല്‍ഹിയിലെത്തിയത്.
ഉച്ചയ്ക്കു ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട വിമാനം മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണു കാബൂളില്‍ ലാന്‍ഡ് ചെയ്തത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം താലിബാന് വളഞ്ഞിരുന്നതിനാല്‍ കാബൂള്‍ എയര്‍ ട്രാഫിക് കണ്ട്രോളില് ലാന്‍ഡ് ചെയ്യാന്‍ വിമാനം ഏറെ സമയമെടുത്തിരുന്നു.
അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. കാബൂളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതില്‍ തീരുമാനം വൈകാതെയെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിരവധി അഫ്ഗാന് പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, താലിബാന് ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി ഇന്ത്യയില്‍ നിന്നും ഇന്നും വിമാനം തിരിക്കും. ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടി തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിച്ചുണ്ട്.
കാബൂള്‍-ഡല്‍ഹി അടിയന്തര യാത്രയ്ക്ക് തയ്യാറെടുത്തിരിക്കാന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കാബൂളില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ താലിബാന് പതാക ഉയര്‍ത്തിയതിന് പിന്നാലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
Discussion about this post