കാബൂള്‍ : രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങളെ നാടുകടത്താന്‍ അനുവദിക്കില്ലെന്നും പൗരന്മാര്‍ക്കുറപ്പ് നല്കി അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനി. ഇതോടെ ഗനി രാജി വയ്ക്കുകയാണെന്ന ഊഹോപോഹങ്ങള്‍ക്ക് അവസാനമായി.
അഫ്ഗാനിസ്ഥാന്റെ സുപ്രധാന നഗരങ്ങളടക്കം ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ അധീനതയിലായിരിക്കെ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗനി സര്‍ക്കാര്‍ തീരുമാനമറിയിച്ചത്. റെക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്ത സന്ദേശത്തില്‍ താലിബാനോട് പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും സേനയെ വീണ്ടും താലിബാനെതിരെ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഗനി അറിയിച്ചു.
താലിബാനോട് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന സൂചനകള്‍ നല്‍കുന്നതാണ് ഗനി സര്‍ക്കാരിന്റെ നടപടികള്‍. താലിബാന് ശക്തമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തില്‍ അഷ്റഫ് ഗനി രാജിയ്ക്കൊരുങ്ങുന്നു എന്ന തരത്തില്‍ നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജിക്ക് ശേഷം അഫ്ഗാനിസ്ഥാന് വിട്ട് കുടുംബത്തോടൊപ്പം മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാനൊരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post