ബ്രിട്ടനിൽ വെടിവെയ്പ്പ്: അക്രമി ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമല്ലെന്ന് പോലീസ്

ലണ്ടൻ: വീണ്ടും ബ്രിട്ടനെ നടുക്കി വെടിവെയ്പ്പ്. ദക്ഷിണപടിഞ്ഞാറൻ ഇംഗ്ലീഷ് നഗരമായ പ്ലൈമൗത്തിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അക്രമിയേയും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. സംഭവത്തിന് ഭീകര ബന്ധമില്ലെന്നാണ് പോലീസ് കരുതുന്നത്.

രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അക്രമിയെന്ന് കരുതപ്പെടുന്നയാളുടെ മൃതദേഹവും പോലീസ് സമീപത്തുനിന്നും കണ്ടെടുത്തു. വെടിവെക്കുന്ന ശബ്ദവും അലർച്ചയും കേട്ട പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ആയുധധാരിയും മരിച്ചവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം തുടങ്ങി.

ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ബ്രിട്ടനിൽ ആക്രമണങ്ങൾ അപൂർവമാണ്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പ്ലൈമൗത്ത് പൊതുവേ ശാന്തമായ ഇടമായാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version