“അഫ്ഗാന്‍ സ്വന്തം നിലയ്ക്ക് താലിബാനോട് ഏറ്റുമുട്ടണം” : സേനയെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്ന് ബൈഡന്‍

Joe Biden | Bignewslive

വാഷിംഗ്ടണ്‍ : താലിബാനെ നേരിടാന്‍ അഫ്ഗാന്‍ സ്വന്തം നിലയ്ക്ക് തയ്യാറെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്ന് ആവര്‍ത്തിച്ച ബൈഡന്‍ സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു.

അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശവും കീഴടക്കിയ താലിബാന്‍ 11 പ്രവിശ്യ തലസ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി മുന്നേറ്റം തുടരുന്നതിനിടെയാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്. “ഇരുപത് വര്‍ഷത്തിനിടെ ട്രില്ല്യണ്‍ ഡോളറുകളിലധികം അഫ്ഗാനിസ്ഥാനില്‍ യുഎസ് മുടക്കിയിട്ടുണ്ട്. അത് കൂടാതെ അത്യാധുനിക ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കുകയും അത് ഉപയോഗിക്കാനും മറ്റുമായി 3,00,000 അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഇനി അവരുടെ സമയമാണ്. സ്വന്തം രാജ്യത്തിന് വേണ്ടി അവര്‍ തന്നെ പോരാടണം.” ബൈഡന്‍ പറഞ്ഞു.

ആയുധങ്ങള്‍, ഭക്ഷണം, സാമ്പത്തികസഹായം തുടങ്ങി അഫ്ഗാനിസ്ഥാനുള്ള മറ്റ് സഹായങ്ങള്‍ തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ മുഴുവനായി യുഎസ് പിന്‍വലിക്കും. ഇതുവരെ 95 ശതമാനം സൈനികരെ യുഎസ് തിരിച്ചുവിളിച്ചുകഴിഞ്ഞു.

അതേസമയം ആക്രമണം നിര്‍ത്താന്‍ രാജ്യാന്തരസമൂഹം താലിബാനെ പ്രേരിപ്പിക്കണമെന്നാണ് അഫ്ഗാന്‍ നിലപാട്. അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ സൈന്യവും താലിബാനും തമ്മിലുള്ള യുദ്ധത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 27 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുനിസെഫ് അറിയിച്ചു.136 കുട്ടികള്‍ക്ക് പരിക്കേറ്റു. കാണ്ഡഹാര്‍, ഖോസ്റ്റ്, പക്രിയ പ്രവിശ്യകളിലെ കുട്ടികള്‍ നേരിടുന്ന ദുരിതമാണ് യുനിസെഫ് റിപ്പോര്‍ട്ടിലുള്ളത്.

Exit mobile version