പാരിസ് : അന്‍പത് പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ആരോഗ്യപാസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ ആയിരത്തോളം പേര് തെരുവിലിറങ്ങി പ്രതിഷേധിച്ചു.
കഫേ, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇരുന്നുള്ള ഭക്ഷണം, പൊതുഗതാഗതം തുടങ്ങിയവയ്ക്ക് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പാസ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ശനിയാഴ്ച ജനങ്ങള്‍ പ്രതിഷേധവുമായയെത്തിയത്.ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സര്‍ക്കാര്‍ കടന്നുകയറുകയാണെന്നാരോപിച്ച് ജനങ്ങള്‍ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
രണ്ട് ഡോസ് വാക്സീന് എടുത്തതിന്റെ രേഖ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പതിനഞ്ച് ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാല്‍ മാത്രമേ ആള്‍ക്കൂട്ടമുള്ള പ്രദേശങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം.അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വാക്സിനേറ്റ് ചെയ്യണം എന്ന ലക്ഷ്യത്തിലാണ് പ്രസിഡന്റെ ഇമ്മാനുവല്‍ മാക്രോണ്‍.
സിനിമ തിയറ്ററുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ജൂലൈ 21 മുതല്‍ തന്നെ ആരോഗ്യ പാസ് ഏര്‍പ്പെടുത്തിയിരുന്നു. പാസിനെതിരെ നടത്തിയ പ്രതിഷേധങ്ങളില്‍ ഇതുവരെ 35 പേര് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി അറസ്റ്റിലായിട്ടുണ്ട്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
Discussion about this post